അധികാരം വേണമെങ്കിൽ ഡി.കെ.എസിനൊപ്പം പൊയ്ക്കോളൂ; കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എന്റെ കൂടെ വരൂ: പുതിയ കെ.പി.സി.സി അധ്യക്ഷൻ ബി.കെ ഹരിപ്രസാദ്
ബെംഗളൂരു: അധികാരവും പദവികളും ആഗ്രഹിക്കുന്നവർക്ക് മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനൊപ്പം പോകാമെന്നും, എന്നാൽ പാർട്ടി സംഘടനയെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് തന്റെ കൂടെ വരാമെന്നും പുതിയ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) അധ്യക്ഷൻ ബി.കെ ഹരിപ്രസാദ്. കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമായി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ പ്രസ്താവനയ്ക്ക് മറ്റ് അർത്ഥതലങ്ങൾ ഇല്ലെന്നും, സംഘടനയുടെയും സർക്കാരിന്റെയും ഉത്തരവാദിത്തങ്ങൾ പരസ്പരം പങ്കിട്ട് മുന്നോട്ട് പോകണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും ഹരിപ്രസാദ് പിന്നീട് കൂട്ടിച്ചേർത്തു. 71 കാരനായ എം.എൽ.സി ബി.കെ ഹരിപ്രസാദിനെ കഴിഞ്ഞ ബുധനാഴ്ചയാണ് കർണാടക കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചത്. ബില്ലവ (ഒ.ബി.സി) സമുദായത്തിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം, മുഖ്യമന്ത്രിയായി ചുമതലയേറ്റ ഡി.കെ ശിവകുമാറിന് പകരക്കാരനായാണ് സംസ്ഥാന പാർട്ടി തലപ്പത്തേക്ക് എത്തുന്നത്.
"പാർട്ടിയിലെ എല്ലാവരോടുമുള്ള എന്റെ അഭ്യർത്ഥന ഇതാണ്; രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നമുക്കായി പോരാടുകയാണ്. അവരെ ശക്തിപ്പെടുത്താൻ നമ്മൾ തെരുവിലിറങ്ങി പോരാടണം. അധികാരം വേണ്ടവർക്ക് ഡി.കെ ശിവകുമാറിനൊപ്പം പോകാം. സോണിയ ഗാന്ധിയുടെയും ഖാർഗെയുടെയും കൈകൾക്ക് ശക്തി പകർന്ന് കോൺഗ്രസിനെ ശക്തമായി വളർത്താൻ ആഗ്രഹിക്കുന്നവർ എന്റെ കൂടെ വരിക," മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഹരിപ്രസാദ് പറഞ്ഞു.
താൻ ഒരിക്കലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ പുതിയ പാർട്ടി അധ്യക്ഷൻ, താൻ അധികാരത്തിന് വേണ്ടിയല്ല കോൺഗ്രസ് പ്രത്യയശാസ്ത്രങ്ങൾക്കും ഭരണഘടനയ്ക്കും വേണ്ടി നിലകൊള്ളുന്ന വെറുമൊരു സാധാരണ പ്രവർത്തകനാണെന്ന് ഓർമ്മിപ്പിച്ചു. 53 വർഷമായി 20-ഓളം സംസ്ഥാനങ്ങളിൽ വിവിധ തലങ്ങളിൽ പാർട്ടിക്കായി പ്രവർത്തിച്ച പരിചയം കെ.പി.സി.സി അധ്യക്ഷ പദവിയിൽ തുണയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് വോട്ടർമാരുടെ പേര് വെട്ടിമാറ്റുന്നതിനെതിരെയുള്ള പോരാട്ടങ്ങൾക്കാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്നും, ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ കർണാടകയിൽ കോൺഗ്രസ് ശക്തമായി പോരാടുമെന്നും ബി.കെ ഹരിപ്രസാദ് വ്യക്തമാക്കി. പുതിയ ഉത്തരവാദിത്തം ഏൽപ്പിച്ചതിൽ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരടങ്ങുന്ന കേന്ദ്ര നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ഡൽഹിയിലെത്തി പാർട്ടി നേതൃത്വത്തെ കണ്ട ശേഷമായിരിക്കും അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കുക.