ആ വീഡിയോയിലുള്ളത് ഞാനല്ല; വ്യാജ പ്രചാരണം: അകാൽ തഖ്ത് വിധിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ
ചണ്ഡീഗഡ്: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവാദ വീഡിയോയുമായി ബന്ധപ്പെട്ട് സിഖ് മതനേതൃത്വമായ അകാൽ തഖ്ത് തനിക്കെതിരെ പുറപ്പെടുവിച്ച മതവിധി രാഷ്‌ട്രീയ പ്രേരിതമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. വീഡിയോയിലുള്ള വ്യക്തി താനല്ലെന്നും തനിക്കെതിരെ വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും ഭഗവന്ത് മൻ വ്യക്തമാക്കി.
വിവാദ വീഡിയോയുടെ പേരിൽ ഭഗവന്ത് മന്നിനെ അകാൽ തഖ്ത് 'ഗുരു ദ്രോഹി' (Guru Dokhi), 'ഖൽസ പന്തിന്റെ ശത്രു' (Khalsa Panth Virodhi) എന്നിങ്ങനെ പ്രഖ്യാപിച്ച് സിഖ് സമൂഹത്തോട് അദ്ദേഹത്തെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
"വീഡിയോയിലുള്ള വ്യക്തിയുടെ ഉയരവും ശാരീരിക ഘടനയും എന്റേതുമായി ഒത്തുപോകുന്നതല്ല. ഈ ദൃശ്യങ്ങൾ ഞാൻ പൂർണ്ണമായും തള്ളിക്കളയുന്നു. രാഷ്‌ട്രീയ യജമാനന്മാരുടെ താല്പര്യത്തിനനുസരിച്ച് ഉന്നത മതനേതാക്കൾ എനിക്കെതിരെ ചെളിവാരിയെറിയാൻ കൂട്ടുനിൽക്കുന്നത് അത്ഭുതപ്പെടുത്തുന്നു," എന്ന് ഭഗവന്ത് മൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
പഞ്ചാബിന്റെ ജലം, ഗുർബാനി, കർഷകർ, യുവാക്കൾ എന്നിവരുടെ സംരക്ഷണത്തിനായി തന്റെ സർക്കാർ എടുത്ത ശക്തമായ തീരുമാനങ്ങളെ സഹിഷ്കരിക്കാൻ കഴിയാത്തവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
എന്താണ് വിവാദം?
ഈ വർഷം ജനുവരിയിലാണ് ഗുരുദ്വാരയിലെ സംഭാവനപ്പെട്ടി (Guru ki Golak) യെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയെന്നും സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും കാണിച്ച് ഭഗവന്ത് മന്നിനെതിരെ അകാൽ തഖ്തിൽ പരാതി ലഭിക്കുന്നത്. അന്ന് നേരിട്ട് ഹാജരായ മൻ ഈ വീഡിയോ വ്യാജമാണെന്നും കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും വാദിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച രണ്ട് സർക്കാർ ഫോറൻസിക് ലബോറട്ടറികൾ വീഡിയോയിൽ കൃത്രിമത്വം നടന്നിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് അകാൽ തഖ്ത് മുഖ്യമന്ത്രിക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.