ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം
ബെംഗളൂരു കെ.ആർ സർക്കിളിന് സമീപം ശനിയാഴ്ച രാവിലെ കെ.എസ്.ആർ.ടി.സിയുടെ രണ്ട് ബിഎംടിസി (BMTC) ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന എയർ കണ്ടീഷൻഡ് വായു വജ്ര (Vayu Vajra) ബസിന് പിന്നിലേക്ക് മറ്റൊരു ബിഎംടിസി ഇലക്ട്രിക് ബസ് അമിതവേഗതയിൽ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഇരു ബസുകളിലുമായി യാത്ര ചെയ്തിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇലക്ട്രിക് ബസിന്റെ മുൻഭാഗവും വായു വജ്ര ബസിന്റെ പിൻഭാഗവും പൂർണ്ണമായി തകർന്നു. ഇടിച്ചുകയറിയ ബസിന്റെ ഡ്രൈവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിനുള്ളിൽ കുടുങ്ങിപ്പോയ ഒരു വനിതാ യാത്രക്കാരിയെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് പുറത്തെടുത്തത്.
രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. സിഗ്നലിൽ കിടന്ന വായു വജ്ര ബസിന് പിന്നിലേക്ക് നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് ഇടിക്കുകയായിരുന്നു എന്ന് കണ്ടക്ടർ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സെന്റ് മാർത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കെ.ആർ സർക്കിൾ പരിസരത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് പോലീസ് എത്തിയാണ് തകർന്ന ബസുകൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ബിഎംടിസിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.