{"vars":{"id": "89527:4990"}}

ബിഹാറിൽ കോൺഗ്രസ് സമ്പൂർണ പൂജ്യത്തിലേക്ക്; ആകെയുള്ള 6 എംഎൽഎമാരും എൻഡിഎയിൽ ചേർന്നേക്കും
 

 

ബിഹാറിൽ കോൺഗ്രസിന്റെ നിലനിൽപ്പ് കൂടുതൽ തകർച്ചയിലേക്കെന്ന് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന് ആകെ ലഭിച്ച ആറ് എംഎൽഎമാരും ജെഡിയുവിൽ ചേരുമെന്നാണ് വിവരം. ആറ് എംഎൽഎമാരും മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തി. 

ആറ് പേരും എൻഡിഎ പക്ഷത്ത് എത്തിയാൽ ബിഹാർ നിയമസഭയിൽ കോൺഗ്രസ് പ്രാതിനിധ്യം പൂജ്യമായി മാറും. 2025ൽ നടന്ന തെരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ 202 സീറ്റും നേടിയാണ് എൻഡിഎ മുന്നണി അധികാരത്തിലെത്തിയത്. കോൺഗ്രസ്-ആർജെഡി മഹാസഖ്യം വെറും 35 സീറ്റുകളിലൊതുങ്ങി

ആർജെഡിക്ക് 25 സീറ്റ് ലഭിച്ചപ്പോൾ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് നേടാനായത് വെറും ആറ് സീറ്റ് മാത്രമാണ്. കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിൽ വിജയിച്ച് വന്ന ആറ് എംഎൽഎമാർക്കും കടുത്ത അതൃപ്തിയുണ്ടെന്നും ഇവർ പാർട്ടി വിടുമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് നിതീഷ് കുമാറുമായി ചർച്ച നടന്നത്.