ഇന്ത്യൻ സേനയുടെ അപ്രതീക്ഷിത ആക്രമണം; മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ ചിന്നിച്ചിതറി
പാക് ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടത് ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈന്യം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ്. മസൂദിന്റെ കുടുംബാംഗങ്ങൾ താമസിച്ചിരുന്ന ഒളിത്താവളത്തിലേക്ക് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്നും ബന്ധുക്കളെ വധിച്ചെന്നും ജെയ്‌ഷെ കമാൻഡർ മസൂദ് ഇല്യാസ് കശ്മീരിയാണ് സ്ഥിരീകരിച്ചത്
സമൂഹമാധ്യമങ്ങളിൽ കശ്മീരി ഇക്കാര്യം സ്ഥിരീകരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനായി ഞങ്ങൾ ഡൽഹി, കാബൂൾ, കാണ്ഡഹാർ എന്നിവരുമായി നിരന്തരം പോരടിക്കുകയാണ്. എന്നാൽ മെയ് 7ന് ബഹാവൽപൂരിൽ ഇന്ത്യൻ സൈന്യം അപ്രതീക്ഷിത ആക്രമണം നടത്തി. മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളുടെ ശരീരം ചിന്നിച്ചിതറിയെന്ന് കശ്മീരി പറഞ്ഞു
പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ബഹാവൽപൂർ. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ഉസ്മാൻ ഒ അലി ക്യാമ്പസും ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബഹാവൽപൂരിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ മസൂദിന്റെ മൂത്ത സഹോദരി, ഭർത്താവ്, അനന്തരവൻ, ഭാര്യ, അന്തരവൾ, അഞ്ച് കുട്ടികൾ അടക്കം 10 പേരാണ് കൊല്ലപ്പെട്ടത്.