ചൈനീസ് ചാര ബലൂണുകൾ നേരിടാൻ ഇന്ത്യൻ പ്രതിരോധ സേനയുടെ കർമ്മ പദ്ധതി; ചർച്ചകൾ അന്തിമഘട്ടത്തിൽ

 

ചൈനീസ് ചാര ബലൂണുകളെ നേരിടാനുള്ള കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിരോധ സേന തയ്യാറെടുക്കുന്നു. ഭാവിയിൽ ചൈനീസ് ചാര ബലൂണുകൾ ഇന്ത്യയുടെ അതിർത്തി കടന്നെത്താനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് കർമ്മ പദ്ധതിക്ക് രൂപം നൽകുന്നത്. വിഷയത്തിൽ ചർച്ച നടക്കുകയാണെന്നും വിശദാംശങ്ങൾ പഠിച്ചുവരികയാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

ഇന്ത്യൻ പ്രതിരോധ സേനകൾ സർക്കാരിന്റെ അംഗീകാരത്തിനായി ഒരു ഏകീകൃത പ്രവർത്തന പദ്ധതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60,000 അടിക്ക് മുകളിൽ പ്രവർത്തിക്കുന്ന ഇത്തരം പറക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങൾ ഇന്ത്യൻ സൈന്യം പരിശോധിച്ചു വരികയാണ്. 

"ആക്ഷൻ പ്ലാനിനെക്കുറിച്ചുള്ള ചർച്ചകൾ പ്രതിരോധ സേനയിൽ നടക്കുന്നു, പദ്ധതിയുടെ വിശദാംശങ്ങൾ പഠിച്ചുവരികയാണ്. അത്തരം ബലൂണുകൾക്ക് ഒരു സ്റ്റിയറിംഗ് മെക്കാനിസം ഉണ്ടായിരിക്കാമെന്നും ഉടമയുടെ താൽപ്പര്യമനുസരിച്ച് ആവശ്യമായ സ്ഥലത്ത് സ്ഥിരപ്പെടുത്തി അവയെ നിയന്ത്രിക്കാൻ കഴിയുമെന്നും "വ്യക്തമായതായി ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഇന്ത്യയെ ടുഡേയോട് പറഞ്ഞു. ഇത്തരം വസ്തുക്കളെ കണ്ടെത്തുന്നതിന് രാജ്യത്ത് നിലവിലുള്ള റഡാർ ശൃംഖല ഉപയോഗിക്കുന്നതിനെ കുറിച്ചും സൈന്യം ചർച്ച ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ മാസം യുഎസ് വ്യോമാതിർത്തിയിൽ ചാരബലൂൺ കണ്ടെത്തിയത് വിവാദങ്ങൾക്ക്  വഴിവെച്ചിരുന്നു. സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ ബലൂൺ യു എസ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന കേന്ദ്രങ്ങൾക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചതെന്നും ബലൂണ്‍ വഴിയുള്ള വിവരശേഖരണമായിരിക്കണം ചൈനയുടെ ലക്ഷ്യമെന്നും യുഎസിന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ ആരോപിച്ചു. രാജ്യത്തെ മൂന്ന് ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാല്‍സ്‌ട്രോം വ്യോമസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മൊണ്ടാനയിലാണ് ബലൂണ്‍ ആദ്യമായി ദൃശ്യമായാത്. 

അതേസമയം ചാര ബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന ബലൂൺ കാറ്റിൽ ദിശതെറ്റി യു. എസ് വ്യോമമേഖലയിലെത്തുകയായിരുന്നുവെന്നുമായിരുന്നു ചൈനയുടെ വാദം.