യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം; കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്: അമേരിക്കയുടെ നിലപാട് നിർവികാരമെന്ന് ശശി തരൂർ
ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ യുഎസ് മിസൈലാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനും അമേരിക്കയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഒരു സുഹൃത്തും തന്ത്രപ്രധാന പങ്കാളിയുമായ രാജ്യത്തിന് എങ്ങനെയാണ് ഇത്രയും നിർവികാരമായി പെരുമാറാൻ കഴിയുന്നതെന്ന് കോൺഗ്രസ് എംപിയും വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനുമായ ശശി തരൂർ ചോദിച്ചു.
ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അമേരിക്ക പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഒരിടത്തുപോലും അനുശോചനമോ ഖേദപ്രകടനമോ രേഖപ്പെടുത്താത്തത് അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് തരൂർ എക്സിൽ (X) കുറിച്ചു.
"ഒരു വാണിജ്യ കപ്പൽ തടയാൻ മാരകമല്ലാത്ത മറ്റ് മാർഗങ്ങൾ ഉപയോഗിക്കാമായിരുന്നില്ലേ? സിവിലിയൻ ജീവനക്കാരെ കൊന്നൊടുക്കുന്ന രീതിയിൽ മിസൈലുകൾ തൊടുക്കാതെ ഒരു കപ്പലിന്റെ സഞ്ചാരം തടയാൻ യുഎസ് സൈന്യത്തിന് കഴിയില്ലേ? ഈ മേഖലയിലൂടെ കടന്നുപോകുന്ന ഒട്ടുമിക്ക ചരക്കുകപ്പലുകളിലും ഇന്ത്യൻ ജീവനക്കാരുണ്ട്. അവരെയെല്ലാം യുഎസ് മിസൈലുകൾക്ക് ഇരയാക്കാവുന്നവരായാണോ അമേരിക്ക കാണുന്നത്?" - ശശി തരൂർ ചോദിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് ഇക്കാര്യം ശക്തമായി ഉന്നയിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നതായും തരൂർ കൂട്ടിച്ചേർത്തു.
കൽപനയുടെ ഭാഷയെന്ന് പവൻ ഖേര
സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ദുർബലമായ ഇടപെടലിനെ കോൺഗ്രസ് വക്താവ് പവൻ ഖേരയും വിമർശിച്ചു. മൂന്ന് യുവാക്കളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഇന്ത്യ അമേരിക്കയിൽ നിന്ന് നിരുപാധികമായ മാപ്പാണ് ആവശ്യപ്പെടേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അതിനുപകരം, തങ്ങളുടെ സൈന്യത്തിന്റെ ഉത്തരവുകൾ അനുസരിച്ചില്ലെങ്കിൽ വെച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ നൽകിയതെന്നും ഇത് ഖേദപ്രകടനമല്ല, കൽപനയുടെ ഭാഷയാണെന്നും ഖേര കുറ്റപ്പെടുത്തി. അമേരിക്കയുടെ നടപടി നിയമവിരുദ്ധവും ലജ്ജാകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ഉപരോധത്തിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ അമേരിക്ക നടത്തിയ നാവിക ഉപരോധത്തിനിടെയാണ് ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്. മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികൾ സർക്കാരിന്റെ ഈ നയതന്ത്ര ഇടപെടൽ പോരാ എന്ന നിലപാടിലാണ്.