ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണം; അടിയന്തര നിർദ്ദേശവുമായി ഇന്ത്യൻ എംബസി
ന്യൂഡൽഹി: ഇറാന്‍–യുഎസ് യുദ്ധത്തിന് താല്‍കാലിക വിരാമമിട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഇറാനിലുള്ള ഇന്ത്യക്കാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് എംബസിയുടെ മുന്നറിയിപ്പ്. 'ഇറാനില്‍ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്‍, നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എത്രയും വേഗം ഇറാന്‍ വിടണം. എംബസിയുമായി ബന്ധപ്പെടണം, എംബസി നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളും ഉപയോഗിക്കണം' എന്നാണ് നിര്‍ദേശത്തിലുള്ളത്. 'എംബസിയുടെ അനുമതിയില്ലാതെ ഒരു രാജ്യാന്തര അതിര്‍ത്തികളിലൂടെയും മറ്റു രാജ്യത്തേക്ക് പ്രവേശിക്കാന്‍ പാടില്ല' എന്നും നിര്‍ദേശത്തില്‍ കര്‍ശനമായി പറയുന്നു.
മേഖലയിൽ വ്യോമഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ ലഭ്യമായ വിമാന സർവീസുകൾ പ്രയോജനപ്പെടുത്തി മടങ്ങാനാണ് നിർദ്ദേശം. നിലവിൽ ഇറാനിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
ഇറാനിൽ തുടരുന്ന ഇന്ത്യക്കാർ അടിയന്തരമായി എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതും ഗൾഫ് മേഖലയിലെ മിസൈൽ ആക്രമണങ്ങളും കണക്കിലെടുത്താണ് ഇന്ത്യയുടെ ഈ സുപ്രധാന നീക്കം. ഇറാനിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി എംബസി ഹെൽപ്പ് ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്.