{"vars":{"id": "89527:4990"}}

ഇൻഡിഗോ പ്രതിസന്ധി രൂക്ഷം; വിമാന ടിക്കറ്റ് നിരക്കിന് കേന്ദ്രം പരിധി നിശ്ചയിച്ചു: 500 കിലോമീറ്റർ വരെ ₹7500 മാത്രം

 

ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്ത് വ്യോമയാന മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. യാത്രക്കാരുടെ ചൂഷണം തടയുന്നതിനായി ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി (Fare Cap) നിശ്ചയിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി.

​പുതിയ ഉത്തരവനുസരിച്ച്, 500 കിലോമീറ്റർ ദൂരപരിധിയിലുള്ള യാത്രകൾക്ക് പരമാവധി ₹7,500 മാത്രമേ വിമാനക്കമ്പനികൾക്ക് ഈടാക്കാൻ കഴിയൂ. ദൂരപരിധി അനുസരിച്ചുള്ള മറ്റ് നിരക്കുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

  • ​500 കി.മീ. വരെ: ₹7,500
  • ​500-1000 കി.മീ. വരെ: ₹12,000
  • ​1000-1500 കി.മീ. വരെ: ₹15,000
  • ​1500 കി.മീറ്ററിന് മുകളിൽ: ₹18,000

​സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഈ നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കും യുഡിഎഫ്, പിഎസ്എഫ്, ടാക്‌സുകൾ എന്നിവയ്ക്കും ഈ പരിധി ബാധകമല്ല. അടിയന്തരമായി യാത്ര ചെയ്യേണ്ടവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയുക എന്നതാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.