{"vars":{"id": "89527:4990"}}

ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി: ഇന്നും നാളെയും സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

 

ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്‌പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന.

37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തിൽ വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണം ഉന്നമിടുന്നത് ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നൽകിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതര വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം

അതേസമയം എയർ ഇന്ത്യ അടക്കം മറ്റ് വിമാന കമ്പനികൾ ഡിജിസിഎ നിർദേശം പാലിച്ചിട്ടുണ്ട്. വിമാന സർവീസുകൾ നിർത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി. രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി-ബംഗളൂരു ഇൻഡിഗോ റദ്ദാക്കി. 9.30ന് പുറപ്പെടേണ്ട കൊച്ചി-ഹൈദരാബാദും കൊച്ചി-ജമ്മു ഇൻഡിഗോയും റദ്ദാക്കി.