{"vars":{"id": "89527:4990"}}

ഇൻഡിഗോ വിമാനങ്ങൾ ഇന്നും  കൂട്ടത്തോടെ റദ്ദാക്കും; സാധാരണ നിലയിലെത്താൻ 2 മാസം വേണമെന്ന് കമ്പനി
 

 

ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. രാജ്യത്തെ പല വിമാനത്താവളങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര നടക്കാതെ യാത്രക്കാർ വലയുകയാണ്. ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെ മാത്രമാണ് വിമാനം റദ്ദാക്കിയെന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു

ഇൻഡിഗോ ജീവനക്കാരെ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. വിമാന സർവീസുകൾ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചത്. സർവീസുകൾ സാധാരണ നിലയിലെത്താൻ രണ്ട് മാസം സമയമെടുക്കുമെന്നും യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും കമ്പനി അറിയിച്ചു

550ലധികം വിമാന സർവീസുകളാണ് ഇൻഡിഗോ ഇന്നലെ റദ്ദാക്കിയത്. ഇൻഡിഗോയുടെ ചരിത്രത്തിൽ ഇത്രയധികം വിമാനങ്ങൾ റദ്ദാക്കുന്നത് ഇതാദ്യമാണ്. പ്രതിദിനം ഏകദേശം 2300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇതിൽ 19 ശതമാനം വിമാനങ്ങൾ മാത്രമാണ് ബുധനാഴ്ച കൃത്യ സമയത്ത് പറന്നത്.