സ്വന്തമായി സിസിടിവി അടക്കം സ്ഥാപിച്ച് ചാരവൃത്തി; യുപിയിൽ പിടിയിലായത് 22 അംഗ സംഘം
ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാക് ബന്ധമുള്ള ചാരശൃംഖലയെ പിടികൂടി പോലീസ്. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ പിടിയിലായ പ്രതികളുടെ എണ്ണം 22 ആയി. കേസിലെ മുഖ്യപ്രതിയായ നൗഷാദ് അലിയെ ഫരീദാബാദിൽ നിന്നാണ് പിടികൂടിയത്
ഒരു പെട്രോൾ പമ്പിന് സമീപം പഞ്ചർ ഒട്ടിക്കുന്ന കടയുടെ മറവിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. സാങ്കേതിക വിദ്യയിൽ അറിവുള്ള യുവാക്കളെ ചാരപ്രവൃത്തിക്ക് റിക്രൂട്ട് ചെയ്യുന്നതിൽ നൗഷാദ് അലി പ്രധാന പങ്കുവഹിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളെ പണം നൽകി പ്രലോഭിപ്പിച്ചാണ് അതിർത്തി കടന്നുള്ള ചാരപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നത്
റെയിൽവേ സ്‌റ്റേഷനുകൾ, സൈനിക കേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകൾ വഴി പാക്കിസ്ഥാനിലേക്ക് കൈമാറുകയായിരുന്നു ഇവരുടെ രീതി. ഓരോ ചിത്രത്തിനും വീഡിയോക്കും നിശ്ചിത തുക പ്രതിഫലമായി വാങ്ങുകയും ചെയ്തു. സംഘത്തിൽ സ്ത്രീകളുമുണ്ടായിരുന്നു
ഡൽഹി, സോനിപത് തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ തന്ത്രപ്രധാന ഇടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അതിന്റെ ലൈവ് ദൃശ്യങ്ങൾ പാക്കിസ്ഥാനിലേക്ക് എത്തിക്കാനും ഇവർ പദ്ധതിയിട്ടു. ഡൽഹി മുതൽ കാശ്മീർ വരെയുള്ള വിവിധയിടങ്ങളിലേക്ക് ഈ ശൃംഖല വ്യാപിപിക്കാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നു.