തമിഴ്‌നാട് നിയമസഭയിൽ കടുത്ത വാക്പോര്; ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്: പ്രതിപക്ഷം ഇറങ്ങിപ്പോയി
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദവും നാടകീയ രംഗങ്ങളും. ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രതിപക്ഷമായ ഡി.എം.കെ (DMK) ക്കെതിരെ കടുത്ത രാഷ്ട്രീയ ആക്രമണം അഴിച്ചുവിട്ടതോടെയാണ് സഭ പ്രക്ഷുബ്ധമായത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പാർട്ടി ഫണ്ടിന്റെ പേരിൽ ഡി.എം.കെ വൻതോതിൽ പണം പിരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിജയ് സഭയിൽ ആരോപിച്ചു. "ഞങ്ങൾ ഒരിക്കലും ജനങ്ങളുടെ പണം കവരില്ല. പുറത്തുവരുന്ന ഓരോ അഴിമതിക്കേസുകളിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും, ആരെയും വെറുതെ വിടില്ല," മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രശസ്തമായ ചില കൈയംഗ്യങ്ങൾ വിജയ് സഭയിൽ അനുകരിച്ചതും രംഗം വഷളാക്കി.
ഭരണകക്ഷിയായ തമിഴക വെട്രി കഴകം (TVK) കുതിരക്കച്ചവടത്തിലൂടെയാണ് സഖ്യകക്ഷികളെ ഒപ്പം നിർത്തിയതെന്ന ഡി.എം.കെയുടെ ആരോപണങ്ങൾക്കും വിജയ് മറുപടി നൽകി. സി.പി.ഐ(എം), ഐ.യു.എം.എൽ (മുസ്ലിം ലീഗ്) തുടങ്ങിയ കക്ഷികൾ സ്വന്തം നിലയ്ക്കാണ് തീരുമാനമെടുത്തതെന്നും അതിൽ തങ്ങൾക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ലഹരിമരുന്ന് മാഫിയക്കെതിരെ സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ഡി.എം.കെ അംഗങ്ങൾ ശ്രമിച്ചെങ്കിലും സ്പീക്കർ ജെ.സി.ഡി. പ്രഭാകറും ഭരണപക്ഷാംഗങ്ങളും ചേർന്ന് പ്രതിപക്ഷത്തെ ശാന്തരാക്കാൻ ശ്രമിച്ചു. എന്നാൽ പ്രതിഷേധം ശക്തമാക്കിയ ഡി.എം.കെ എം.എൽ.എമാർ ഒടുവിൽ സഭ ബഹിഷ്കരിക്കുകയായിരുന്നു.