മോദി സർക്കാരിൽ ഭരണഘടനാ സ്ഥാപനങ്ങളുടെ ആഭ്യന്തര കലാപം; ഒരു വർഷത്തിനകം മോദി പുറത്താകും: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഭരണസംവിധാനങ്ങൾ ആഭ്യന്തരമായി തകരുകയാണെന്നും രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നാഷണൽ ആദിവാസി പ്രൊഫഷണൽ കോൺക്ലേവിൽ സംസാരിക്കവേയാണ് മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. അടുത്ത ഒരു വർഷത്തിനുള്ളിൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ തുടരില്ലെന്നും അദ്ദേഹം പ്രവചിച്ചു.
ഭരണഘടനാ സ്ഥാപനങ്ങളിൽ വലിയ രീതിയിലുള്ള ആഭ്യന്തര കലാപമാണ് (Institutional Revolt) നടക്കുന്നത്. മുൻപ് ഈ സ്ഥാപനങ്ങളുടെ മേൽ സർക്കാരിന് പൂർണ്ണ നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളിൽ ജനരോഷം ഭയന്ന് ഉദ്യോഗസ്ഥർ തന്നെ പ്രതിപക്ഷത്തിന് വിവരങ്ങൾ കൈമാറാൻ തുടങ്ങിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ചീഫ് ഇലക്ഷൻ കമ്മീഷണർ, ഇന്റലിജൻസ് തലവൻമാർ, മുതിർന്ന ജുഡീഷ്യറി അംഗങ്ങൾ എന്നിവരിൽ നിന്ന് തനിക്ക് നേരിട്ട് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം രാജ്യത്ത് സമാനതകളില്ലാത്ത ഒരു 'സാമ്പത്തിക സുനാമി' വരാൻ പോകുകയാണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സാമ്പത്തിക ആഘാതങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിച്ചിരുന്ന സുരക്ഷാ സംവിധാനങ്ങൾ ബി.ജെ.പി സർക്കാർ തകർത്തതാണ് ഇതിന് കാരണം. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ വലിയ ദുരിതത്തിലാക്കും.
ഈ ജനരോഷത്തെയും സാമ്പത്തിക പ്രതിസന്ധിയെയും അടിച്ചമർത്താൻ മോദി സർക്കാർ രാജ്യത്ത് 'അടിയന്തരാവസ്ഥയ്ക്ക്' സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സമീപകാലത്തുണ്ടായ നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾ, സി.ബി.എസ്.ഇ വിവാദങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദുരന്തങ്ങളുടെ വകുപ്പായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. രാഹുൽ ഗാന്ധി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതി പടർത്താനാണ് കോൺഗ്രസ് നോക്കുന്നതെന്നും ബി.ജെ.പി വക്താക്കൾ പ്രതികരിച്ചു.