ഭീകര ശൃംഖലകൾക്കെതിരായ അന്വേഷണം; കാശ്മീരിലെ വിവിധ ജില്ലകളിൽ സിഐകെയുടെ റെയ്‌ഡ്
ജമ്മു കാശ്മീരിൽ ഭീകര ശൃംഖലകൾ, റിക്രൂട്ട്‌മെന്റ് മൊഡ്യൂളുകൾ, തീവ്രവാദ പ്രചാരണം എന്നിവ ലക്ഷ്യമിട്ട് സിഐകെ (കൗണ്ടർ ഇന്റലിജൻസ് കാശ്മീർ) വലിയ തോതിലുള്ള പരിശോധനകൾ നടത്തി. കാശ്മീരിലെ ആറ് ജില്ലകളിലായി എട്ട് ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്.
ശ്രീനഗർ, ബന്ദിപ്പോര എന്നിവിടങ്ങളിൽ രണ്ട് വീതം സ്ഥലങ്ങളിലും, കുപ്‌വാര, അനന്ത്‌നാഗ്, കുൽഗാം, സോപ്പോർ എന്നിവിടങ്ങളിൽ ഓരോ സ്ഥലത്തുമാണ് പരിശോധന നടത്തിയത്. 2015-ലെ കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഭീകരവാദത്തിന്റെ "പിന്തുണ സംവിധാനങ്ങളെ" (support ecosystem) തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദികളുമായി ചിലർക്ക് ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. റെയ്‌ഡുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ ഫോറൻസിക് പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.