ഐആർസിടിസിക്ക് പുതിയ വെബ്‌സൈറ്റ്; ജൂലൈ 15-നകം യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) പുതിയ വെബ്‌സൈറ്റ് പുറത്തിറക്കുന്നു. വരാനിരിക്കുന്ന ജൂലൈ 15-നകം വെബ്‌സൈറ്റ് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
രാജസ്ഥാനിലെ ജയ്പൂരിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടയിലാണ് മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിലവിലെ ഐആർസിടിസി വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന സാങ്കേതിക തടസ്സങ്ങളും, പ്രത്യേകിച്ച് തത്കാൽ സമയത്തെ സെർവർ തകരാറുകളും കാപ്ച (CAPTCHA) വെരിഫിക്കേഷനിലെ ബുദ്ധിമുട്ടുകളും വിദ്യാർത്ഥികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
വിദ്യാർത്ഥികളുടെ പരാതിക്ക് പിന്നാലെ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് 30 ദിവസത്തിനകം പുതിയ വെബ്‌സൈറ്റ് സജ്ജമാക്കാൻ അടിയന്തര നിർദ്ദേശം നൽകുകയായിരുന്നു.
കൂടുതൽ വേഗതയേറിയതും, ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ (user-friendly) വിപ്ലവകരമായ മാറ്റങ്ങളോടെയാകും പുതിയ വെബ്‌സൈറ്റ് എത്തുക. നിലവിൽ രാജ്യത്തെ 88 ശതമാനത്തോളം ട്രെയിൻ ടിക്കറ്റുകളും ഓൺലൈൻ വഴിയാണ് ബുക്ക് ചെയ്യുന്നത്. പുതിയ വെബ്‌സൈറ്റ് വരുന്നതോടെ തത്കാൽ സമയത്തെ തിരക്കിൽ വെബ്‌സൈറ്റ് ഹാങ്ങാകുന്ന പ്രശ്നത്തിനും ടിക്കറ്റ് ബുക്കിംഗ് പരാജയപ്പെടുന്നതിനും വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.