അറിയിച്ചത് 10,000 പേര്‍ പങ്കെടുക്കുമെന്ന്; എത്തിയത് അഞ്ചിരട്ടിയോളം ആളുകള്‍: പൊലീസിന് വീഴ്ചയില്ല; എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം
ചെന്നൈ: കരൂറിൽ ദുരന്തമുണ്ടായ ടിവികെ റാലിയിലേക്ക് എത്തിയത് അനുമതി നൽകിയതിലും അഞ്ചിരട്ടിയിലേറെ ആളുകളെന്ന് പൊലീസ്. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തോളം റാലിക്കെത്തിയെന്നാണ് കണക്കാക്കുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ നിലവിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 10,000 പേർക്കാണ് അനുമതി നൽകിയതെങ്കിൽ അഞ്ചിരട്ടിയിലധികം ആളുകൾ റാലിക്കെത്തി. 500 പൊലീസുകാരെ വിന്യസിച്ചിരുന്നു. എന്നാൽ അമ്പതിനായിരത്തിലധികം പേരാണ് എത്തിയത്. സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തിയതോടെ നിരവധി പേരാണ് വന്നെത്തിയത്. രാവിലെ പത്തു മണി മുതൽ ആളുകൾ ഇവിടെ കാത്തുനിൽപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
വേണ്ടത്ര പൊലീസുകാരെ നിയോഗിച്ചിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ്‌ക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അന്വേഷണം നടക്കട്ടേ എന്നായിരുന്നു എഡിജിപിയുടെ പ്രതികരണം. വിജയ് സഞ്ചരിച്ച വാഹനത്തെ ജനക്കൂട്ടം അനുഗമിച്ചതും അതിനൊപ്പം സഞ്ചരിച്ചതും പ്രശ്‌നമായിട്ടുണ്ടാകാമെന്നും വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 39 ആയി. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. ഹേമലത, മക്കളായ സായ് കൃഷ്ണ, സായ് ജീവ എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിത്തുടങ്ങി. 15 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 12 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. കരൂര്‍ ദുരന്തത്തില്‍ 17 സ്ത്രീകളും അഞ്ച് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും ഉള്‍പ്പെടെ 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 111 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 50 പേര്‍ കരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും 61 പേര്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതവും നല്‍കും.
സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തമിഴക വെട്രി കഴകം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടന്‍ വിജയ്‌ക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.