ഓൺലൈനിൽ കണ്ടപ്പോൾ ഇങ്ങനെയായിരുന്നില്ല; വിവാഹവേദിയിൽ വരനെ ഉപേക്ഷിച്ച് അഭിഭാഷക
ഹാർദോയ്: ഓൺലൈനിൽ പരിചയപ്പെട്ട് പ്രണയത്തിലായയാളെ വിവാഹവേദിയിലെത്തിയപ്പോൾ തിരിച്ചറിയാനാകാതെ വധു. താൻ പ്രണയിച്ചയാൾ ഇതല്ലെന്ന വധുവിന്‍റെ ആരോപണത്തിനു പിന്നാലെ വിവാഹവേദിയിൽ കൂട്ടത്തല്ല്. ഉത്തർപ്രദേശിലെ ഹാർദോയിയിലാണ് സംഭവം. സംഘർഷത്തിൽ പരുക്കേറ്റ വരൻ ദേവേന്ദ്ര സിങ് പരീമറിനെ (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരീമറുമായി ഇൻസ്റ്റഗ്രാമിലൂടെയാണ് അഭിഭാഷക കൂടിയായ യുവതി പരിചയപ്പെട്ടത്.
ഏറെ കാലം സംസാരിച്ചതിനു ശേഷം ഇരുവരും പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതിനു ശേഷമാണ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചത്. മേയ് 12നാണ് വിവാഹം തീരുമാനിച്ചിരുന്നത്. വരന്‍റെ വീട്ടുകാർക്കായി വധുവിന്‍റെ വീട്ടുകാർ ഹോട്ടലിൽ താമസം ഒരുക്കിയിരുന്നു. വിവാഹവേദിയിലെത്തിയപ്പോഴാണ് താൻ ഓൺലൈനിൽ സംസാരിച്ചിരുന്നയാളല്ല വരനായി എത്തിയിരിക്കുന്നതെന്ന് വധു ആരോപിച്ചത്.
താൻ രാഹുൽ എന്ന യുവാവുമായാണ് സംസാരിച്ചിരുന്നതെന്നും യുവതി അവകാശപ്പെട്ടു. ഇതോടെ വധുവിന്‍റെ ബന്ധുക്കൾ വരനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു. വധുവിന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് സർക്കിൾ ഓഫിസർ അലോക് രാജ് നാരായൺ വ്യക്തമാക്കി.