എൻഡിഎയ്ക്ക് ഇത് കറുത്ത ദിനം; തകർന്നത് വലിയ രാഷ്ട്രീയ ഗൂഢാലോചന: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. സംഭവത്തെ 'ജനാധിപത്യത്തിന്റെ വലിയ വിജയം' എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. പ്രതിപക്ഷ ഐക്യത്തിന്റെ കരുത്താണ് ഈ ഫലമെന്നും അധികാരത്തിൽ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗൂഢാലോചനയ്ക്ക് ഏറ്റ തിരിച്ചടിയാണിതെന്നും അവർ അവകാശപ്പെട്ടു. ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെയുള്ള വിജയം കൂടിയാണിത്. ഭരണപക്ഷത്തുള്ളവരുടെ മുഖത്ത് ഈ ഫലത്തിന്റെ ആഘാതം പ്രകടമാണെന്നും ഇത് ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണെന്നും പ്രിയങ്ക പറഞ്ഞു. വലിയ രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ തകർന്നത്. എങ്ങനെയെങ്കിലും രാജ്യത്ത് ബി.ജെ.പിയുടെ ഒരു സ്ഥിരം സർക്കാർ രൂപീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പെട്ടെന്ന് സഭ വിളിച്ചുചേർത്തതെന്നും അവർ പറഞ്ഞു.
'ക്രെഡിറ്റ് സ്വന്തമാക്കാനുള്ള നീക്കം'
ബിൽ പാസായാലും ഇല്ലെങ്കിലും അതിലെ ക്രെഡിറ്റ് സ്വന്തമാക്കലായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ബിൽ അവതരിപ്പിക്കുന്നതിലൂടെ സ്ത്രീകളുടെ സംരക്ഷകരായി ഉയർന്ന് വരാമെന്നാണ് അവർ പ്രതീക്ഷിച്ചിരുന്നത്. ഇത് വനിതാ സംവരണത്തിന് അപ്പുറം സർക്കാരിന്റെ ഏകപക്ഷീയമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വിഷയമാണെന്ന് പ്രിയങ്ക വാദിച്ചു.
മണ്ഡല പുനർനിർണ്ണയം വനിതാ സംവരണ ബില്ലുമായി ബന്ധിപ്പിച്ചതിനെയും പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്തു. സ്ഥാപനങ്ങളെ ബഹുമാനിക്കാത്ത ഒരു സർക്കാർ, വനിതാ സംവരണത്തിന്റെ പേരിൽ ഇത്ര വലിയ തോതിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം മാറ്റം വരുത്താൻ ശ്രമിക്കുന്നത് പ്രതിപക്ഷം എങ്ങനെ അനുവദിക്കുമെന്ന് അവർ ചോദിച്ചു.
'പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരല്ല'
വോട്ടെടുപ്പിലെ പരാജയം സർക്കാരിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. "അവർക്ക് ഇതൊരു കറുത്ത ദിനമാണ്, കാരണം അവർ ഞെട്ടിപ്പോയിരിക്കുന്നു," പ്രിയങ്ക പരിഹസിച്ചു. പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരല്ലെന്നും എന്നാൽ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ ഉദ്ദേശ്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
മുൻകാല സംഭവങ്ങളെ ഉദ്ധരിച്ച് കൊണ്ട് സർക്കാരിന്റെയും ബിജെപിയുടെയും സ്ത്രീപക്ഷ മനോഭാവത്തെ പ്രിയങ്ക ചോദ്യം ചെയ്തു. "ഉന്നാവോയിലും ഹത്രാസിലും നമ്മൾ കണ്ടതാണ്. മണിപ്പൂരിൽ സ്ത്രീകൾക്ക് വേണ്ടി ആരാണ് സംസാരിച്ചത്?". സർക്കാരിന്റെ പ്രവർത്തനങ്ങൾ അവരുടെ അവകാശവാദങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
പ്രതിപക്ഷ ഐക്യത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും ഒറ്റക്കെട്ടായി നിന്നാൽ എന്തെല്ലാം സംഭവിക്കുമെന്നതിന്റെ തെളിവാണിതെന്നും അവർ പറഞ്ഞു. സർക്കാരിന് സ്ത്രീകൾക്ക് വേണ്ടി സത്യസന്ധമായി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ 2023-ലെ ബിൽ തിരികെ കൊണ്ടുവരണമെന്നും തങ്ങൾ അതിനെ പിന്തുണയ്ക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.