ഡൽഹി കലാപം: ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് നിർദേശിച്ച ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റി

ഡൽഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് നിർദേശിച്ച ഡൽഹി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ്
 

ഡൽഹി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് നിർദേശിച്ച ഡൽഹി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലമാറ്റം. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാൻ കൊളിജീയം നേരത്തെ ശുപാർശ ചെയ്്തിരുന്നു. ഇതിന്റെ ഉത്തരവ് ഇന്നലെ രാത്രിയോടെ പുറത്തിറക്കുകയായിരുന്നു

ഡൽഹി കലാപ കേസ് പരിഗണിച്ച അതേദിവസം തന്നെയാണ് കേന്ദ്രം സ്ഥലം മാറ്റ ഉത്തരവും പുറത്തിറക്കിയത്. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് നിർദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറിന്റെ ബഞ്ചിൽ നിന്നും കേസ് ചീഫ് ജസ്റ്റ്ിസ് അധ്യക്ഷനായ ബഞ്ചിലേക്ക് മാറ്റിയിരുന്നു.

കപിൽമിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ, അഭയ് വർമ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങൾ പരിശോധിക്കണമെന്നാണ് കോടതി നിർദേശിച്ചത്. കൂടുതൽ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കിൽ അതും പരിശോധിക്കാനും കോടതി നിർദേശിച്ചിരുന്നു.

കേസ് പരിഗണിക്കുന്നതിനിടെ വിദ്വേഷ പ്രസംഗങ്ങൾ കണ്ടില്ലേയെന്ന് ജസ്റ്റിസ് മുരളീധർ സോളിസിറ്റർ ജനറലിനോടും ഡൽഹി പോലീസിനോടും ചോദിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ കണ്ടില്ലെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ അതേ സമയം തന്നെ ജഡ്ജി ഇവർക്ക് വിദ്വേഷ പ്രസംഗങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.