{"vars":{"id": "89527:4990"}}

കർണാടകയിൽ മുഖ്യമന്ത്രി മാറ്റം ഉടൻ; ഡി.കെ ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ച് സിദ്ധരാമയ്യ

 

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനെ തുടർന്ന്, മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച രാവിലെ 9 മണിക്ക് തന്റെ ഔദ്യോഗിക വസതിയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള മന്ത്രിസഭാ സഹപ്രവർത്തകർക്കായി പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കും.

​സിദ്ധരാമയ്യ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും ഡി.കെ. ശിവകുമാറിന് വഴിമാറുമെന്നുമാണ് സൂചനകൾ. ഡൽഹിയിൽ ഹൈക്കമാൻഡ് സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം. ഔദ്യോഗിക പരിപാടികളിലായി ഡൽഹിയിലായിരുന്ന ഡി.കെ. ശിവകുമാർ തന്റെ മുൻ നിശ്ചയിച്ച യാത്രകളിൽ മാറ്റം വരുത്തി വ്യാഴാഴ്ച പുലർച്ചെ തന്നെ ബെംഗളൂരുവിലേക്ക് തിരിക്കും.

​കർണാടകയിലെ സുഗമമായ ഭരണമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ കോൺഗ്രസ് സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല ബെംഗളൂരുവിലെത്തും. പുതിയ നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം ചേരാൻ സാധ്യതയുണ്ട്. 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരുവർക്കുമിടയിൽ ഉണ്ടാക്കിയ അധികാര പങ്കാളിത്ത കരാർ അനുസരിച്ച് ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.