{"vars":{"id": "89527:4990"}}

ഗാർഹിക പീഡനം, അവിഹിത ബന്ധം: കർണാടക ഗവർണറുടെ ചെറുമകന് നേരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ
 

 

കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെലോട്ടിനെതിരെ സ്ത്രീധന പീഡനം, കൊലപാതക ശ്രമം, ഗാർഹിക പീഡനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ദിവ്യ ഗെലോട്ട് രംഗത്ത്. ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവെച്ചിരിക്കുന്ന നാല് വയസുള്ള മകളെ സുരക്ഷിതമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദിവ്യ രേഖാമൂലം പോലീസിൽ പരാതി നൽകി

ഭർത്താവ് ദേവന്ദ്ര ഗെലോട്ട്(33), മുൻ എംഎൽഎ കൂടിയായ ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട്, സഹോദരി ഭർത്താവ് വിശാൽ എന്നിവർ വർഷങ്ങളായി 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ച് വരികയാണെന്ന് ദിവ്യ പരാതിയിൽ പറയുന്നു. മദ്യപാനം, ലഹരി ഉപയോഗം അവിഹിത ബന്ധങ്ങൾ എന്നിവ വിവാഹത്തിന് മുമ്പ് ദേവേന്ദ്ര മറച്ചുവെച്ചതായും ദിവ്യ ആരോപിക്കുന്നു

2018ലാണ് വിവാഹം നടന്നത്. 2021ൽ ഗർഭിണിയായ സമയത്ത് പീഡനം രൂക്ഷമായി. ഭക്ഷണം നിഷേധിക്കുകയും മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പലപ്പോഴും മർദനത്തിൽ ഗുരുതരമായി പരുക്കേറ്റതായും ദിവ്യ പരാതിയിൽ പറയുന്നു.