നൊമ്പരമായി കരൂർ: 38 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; സ്റ്റാലിൻ അപകട സ്ഥലത്തെത്തി
കരൂർ അപകടത്തിൽ 38 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പന്ത്രണ്ട് പുരുഷന്മാർ, പതിനാറ് സ്ത്രീകൾ, അഞ്ച് ആൺകുട്ടികൾ, അഞ്ച് പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ കരൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകൻ അടക്കമുള്ളവർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂർ ടൗൺ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടൻ വിജയ്ക്കെതിരെയും കേസെടുക്കും.
ഇന്നലെ വൈകിട്ടായിരുന്നു വിജയ്‌യുടെ റാലിക്കിടെ വൻ അപകടം നടന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പന്ത്രണ്ടോളം പേരുടെ നില ഗുരുതരമാണ്.
സംഭവത്തിൽ തമിഴ്നാട് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾ ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കരൂരിലെത്തിയിട്ടുണ്ട്. തമിഴ്നാട് ആരോഗ്യമന്ത്രിയടക്കം കരൂരിലെ ആശുപത്രിയിലുണ്ട്.