കരൂർ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. വിജയ് പങ്കെടുത്ത തമിഴക വെട്രി കഴകം പാർട്ടി റാലിക്കിടെയുണ്ടായ തിരക്കിൽ പെട്ടാണ് 41 പേർ ദാരുണമായി കൊല്ലപ്പെട്ടത്. ജസ്റ്റിസ്മാരായ എൻ.വി. അഞ്ചാരിയ, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി. സിബിഐ അന്വേഷണത്തെ വിലയിരുത്തുന്നതിനായി മുൻ ജഡ്ജി അജയ് രസ്തോഗിയുടെ നേതത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചു. നടൻ വിജയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. തമിഴ്നാട് പൊലീസ് പക്ഷഭേദമില്ലാതെ അന്വേഷണം പൂർത്തിയാക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടിവികെ സുപ്രീം കോടതിയുടെ നേകൃത്വത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
ഹൈക്കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള പൊലീസ് ഓഫിസർമാർ മാത്രമാണുണ്ടായിരുന്നതെന്നും ടിവികെ ആരോപിച്ചിരുന്നു. കരൂരിൽ വിജയ് നടത്തിയ റാലിക്കിടെ ഗൂഢാലോചന നടത്തിം മറ്റാരോ ദുരന്തം സൃഷ്ടിച്ചുവെന്നാണ് ടിവികെ ആരോപിക്കുന്നത്.
ബിജെപി നേതാവ് ജി.എസ് മണിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഉൾക്കൊള്ളാനാവുന്നതിൽ അധികം പേർ റാലിയിൽ പങ്കെടുത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് തമിഴ്നാട് പൊലീസിന്‍റെ കണ്ടെത്തൽ. ഉൾക്കൊള്ളാൻ കഴിയുന്നതിലും മൂന്നിരട്ടി ആളുകളാണ് റാലിയിൽ പങ്കെടുത്തതും വിജയ് വേദിയിൽ എത്താൻ 7 മണിക്കൂർ വൈകിയതുമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും പൊലീസ് പറയുന്നു.