ഇ20 പെട്രോളിനെതിരെ കേജ്‌രിവാൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും; ‘ഇന്ത്യ ട്രംപിന് കീഴടങ്ങി’യെന്ന് ആരോപണം
ന്യൂഡൽഹി: E20 ഇന്ധന നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി (എ.എ.പി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ. 2.3 ലക്ഷത്തിലധികം ജനങ്ങൾ ഒപ്പിട്ട നിവേദനങ്ങൾ സമർപ്പിക്കാനായി ചൊവ്വാഴ്ച 100 അനുയായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് കേജ്‌രിവാൾ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേന്ദ്ര സർക്കാർ ഇഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അടിച്ചേൽപ്പിക്കുന്നത് എന്ന് കേജ്‌രിവാൾ ആരോപിച്ചു. യു.എസിൽ നിന്ന് ഇഥനോൾ വാങ്ങാൻ ഇന്ത്യ കീഴടങ്ങിയെന്നും ഇതിനു പിന്നിൽ ഒളികണ്ണുകളുണ്ടെന്നും അദ്ദേഹം മാധ്യമസമ്മേളനത്തിൽ പറഞ്ഞു.
E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുകയും എൻജിൻ തകരാറുകൾക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് കേജ്‌രിവാൾ ചൂണ്ടിക്കാട്ടി. പെട്രോൾ പമ്പുകളിൽ ശുദ്ധമായ പെട്രോളും E20 ഇന്ധനവും തിരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങൾക്ക് നൽകണമെന്നും E20 പെട്രോളിന്റെ വില കുറയ്ക്കണമെന്നുമാണ് എ.എ.പിയുടെ പ്രധാന ആവശ്യം.
അതേസമയം, ഇഥനോൾ ബ്ലെൻഡിംഗ് പദ്ധതിയെ ന്യായീകരിച്ച കേന്ദ്ര സർക്കാർ, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നപ്പോഴും പെട്രോൾ വില ലിറ്ററിന് 125 രൂപയാകാതെ പിടിച്ചുനിർത്താൻ ഈ നയം സഹായിച്ചതായി വ്യക്തമാക്കി.