ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവൻ പരംജിത്ത് സിംഗ് ലാഹോറിൽ വെടിയേറ്റ് കൊല്ലപ്പെട്ടു
 

 

ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് തലവനും ഭീകരവാദിയുമായ പരംജിത്ത് സിംഗ് പഞ്ച്വാർ പാക്കിസ്ഥാനിലെ ലാഹോറിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ജോഹർ ടൗണിലെ സൺ ഫ്‌ളവർ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകരുടെ കൂടെ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത്ത് സിംഗിനെ വെടിവെച്ചത്. അംഗരക്ഷകർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്

ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലെ പഞ്ചാബിൽ നിന്നും പാക്കിസ്ഥാനിലെ പഞ്ച്വാറിലേക്ക് ലഹരിക്കടത്തും ആയുധക്കടത്തും നടത്തിയിരുന്ന ആളാണ് പരംജിത്ത് സിംഗ്. 1986ലാണ് പരംജിത്ത് ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സിൽ എത്തുന്നത്. 1990ൽ ഫോഴ്‌സിന്റെ മേധാവിയായിരുന്ന ലഭ് സിംഗ് കൊല്ലപ്പെട്ടതോടെ പരംജിത്ത് നേതൃത്വം ഏറ്റെടുത്തു. 

മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലുള്ള പരംജിത്തിനെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. എന്നാൽ പരംജിത്ത് പാക്കിസ്ഥാനിൽ ഇല്ലെന്നാണ് പാക് സർക്കാർ അവകാശപ്പെട്ടിരുന്നത്.