ആശങ്ക കൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു

ദില്ലി; കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. ഞായറാഴ്ചയാണ്
 

ദില്ലി; കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. ഞായറാഴ്ചയാണ് മന്ത്രിസഭ യോഗം നടന്നത്. അതേസമയം സാമൂഹിക അകലം പൂർണമായും പാലിച്ച് കൊണ്ടായിരുന്നു യോഗം നടന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗങ്ങളിൽ മന്ത്രിമാർക്ക് പങ്കെടുക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ വെച്ചിരുന്നു. താപനില പരിശോധന, ആരോഗ്യ സേതു ആപ് എന്നിവ കർശനമാക്കിയിരുന്നു. കൊവിഡിന് ശേഷം യോഗങ്ങൾ പലപ്പോഴും വീഡിയോ കോൺഫറൻസ് വഴിയാണ് നടന്നിരുന്നതെന്ന് സർക്കാരിനോട് അടുത്തവൃത്തങ്ങൾ പറഞ്ഞു.

ഇന്നാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഷാ തന്നെയാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അതേസമയം താനുമായി ബന്ധപ്പെട്ട മുഴുവൻ പേരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

കൊറോണയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. ഫലം പോസറ്റീവാണ്. എന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. അദ്ദേഹത്തെ ഗുരുഗ്രാമിലുള്ള മേദന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അതേസമയം ഷായുടെ രോഗമുക്തി ആശംസിച്ച് കൊണ്ട് നിരവധി നേതാക്കൾ രംഗത്തെത്തി. വേഗത്തിലുള്ള രോഗശമനം അമിത് ഷാക്ക്​ ഉണ്ടാകട്ടെ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. അമിത് ഷായ്ക്ക് കൊവിഡ് ബാധിച്ചതായി അറിഞ്ഞു. എത്രയും പെട്ടെന്ന് അസുഖം ഭേദമാകട്ടെ, ന്റെ പ്രാർത്ഥനകൾ അദ്ദേഹത്തിനും കുടുംബത്തിനും ഒപ്പമുണ്ട്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.