ലോഹഗഡ് കോട്ടയിലെ കൊലപാതകം: പ്രതി ചേതൻ ചൗധരിയെ എത്തിച്ച് ക്രൈം സീൻ പുനരാവിഷ്കരിച്ചു; 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഡമ്മി എറിഞ്ഞ് പൂനെ പോലീസ്
പൂനെ: പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ (25) മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവെടുപ്പുമായി പൂനെ റൂറൽ പോലീസ്. കേസിലെ രണ്ടാം പ്രതിയായ ചേതൻ ചൗധരിയെ (22) കോട്ടയിലെത്തിച്ച് പോലീസ് ക്രൈം സീൻ പുനരാവിഷ്കരിച്ചു (Recreation).
കേതനെ തള്ളിയിട്ട അതേ രീതി വ്യക്തമാകുന്നതിനായി അദ്ദേഹത്തിന്റെ അതേ ഭാരവും ഉയരവുമുള്ള ഒരു ഫൈബർ ഡമ്മി പോലീസ് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് എറിഞ്ഞു. പ്രതികളുടെ കൃത്യമായ ചലനങ്ങളും ശരീരഭാഷയും വിലയിരുത്തുന്നതിനായി ഗെയ്റ്റ് അനാലിസിസ് (Gait analysis) പരിശോധനയും പോലീസ് സ്ഥലത്ത് വെച്ച് നടത്തി. കേതൻ അഗർവാളിന്റെ പ്രതിശ്രുത വധുവായ സിയ ഗോയൽ (20) ആണ് കേസിലെ ഒന്നാം പ്രതി. സിയയെ നേരത്തെ തന്നെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
നവംബറിൽ വിവാഹം നടക്കാനിരിക്കെ, തങ്ങളുടെ പ്രണയത്തിന് കേതൻ തടസ്സമാണെന്ന് കരുതി സിയയും കാമുകൻ ചേതനും ചേർന്ന് ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ജൂൺ 18-നായിരുന്നു കേതനെ കോട്ടയിലെ മലമുകളിൽ നിന്ന് തള്ളിയിട്ടത്. ആദ്യം ഇതൊരു ട്രെക്കിങ് അപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി കോടതി നീട്ടിയിട്ടുണ്ട്.