പ്രണയപ്പക; ബസ് കാത്തുനിന്ന യുവതിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി യുവാവ്
ബണ്ട്വാൾ: കർണാടകയിലെ ദക്ഷിണ കന്നഡയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ യുവാവ് പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. ബണ്ട്വാൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ക്രൂരസംഭവം ഉണ്ടായത്. കാക്യപ്പടവ് സ്വദേശിനിയായ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശി ചേതനായി (22) പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോമിലെ ജീവനക്കാരിയായിരുന്നു ലാവണ്യ. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുമ്പോഴാണ് ചേതൻ അവിടേക്ക് എത്തിയത്. തുടർന്ന് കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് വെട്ടുകത്തിയെടുത്ത് ലാവണ്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടിയ ലാവണ്യയെ പ്രതി പിന്തുടർന്ന് വെട്ടി വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള ശത്രുതയും പകയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ ചേതൻ യുവതിയെ മുൻപും പലതവണ ശല്യം ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. ലാവണ്യയുടെ അകന്ന ബന്ധു കൂടിയാണ് പ്രതി.
സംഭവം നടന്നയുടൻ തന്നെ ചേതൻ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയെ എത്രയും വേഗം പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ദക്ഷിണ കന്നഡ പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.