{"vars":{"id": "89527:4990"}}

കരൂരിലേത് മനുഷ്യനിർമിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
 

 

കരൂർ ദുരന്തം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിൽ പൊതുനിരത്തിലെ റാലിയ്ക്കും പാർട്ടി പരിപാടികൾക്കും ഹൈക്കോടതി തടയിട്ടു. പൊതുമാനദണ്ഡം പുറത്തിറക്കും വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കരൂരിലേത് മനുഷ്യനിർമിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

ദുരന്തത്തിന് പിന്നാലെ വിജയ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്ത് നിന്ന് മുങ്ങിയതിനെയും കോടതി ചോദ്യം ചെയ്തു. ഇത് എന്ത് രാഷ്ട്രീയ പാർട്ടിയെന്നും കോടതി പരിഹസിച്ചു. വിജയ്ക്കെതിരെ കേസെടുക്കാത്തതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. പരിപാടിയുടെ സംഘാടകർ എന്ന നിലയിൽ ടിവികെ നേതാക്കൾക്ക് ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലേ എന്ന് കോടതി ചോദിച്ചു. 

ജില്ലാ നേതാക്കൾ ആയിരുന്നു സംഘാടകരെന്നായിരുന്നു നേതാക്കളുടെ വാദം. ഡിഎംകെയുടെ ഏതെങ്കിലും പരിപാടിയിൽ ഇത്തരം ഒരു അപകടം ഉണ്ടായാൽ പാർട്ടി സെക്രട്ടറിയെ അറസ്റ്റ് ചെയ്യുമോ എന്ന് ടിവികെയുടെ അഭിഭാഷകർ ഹൈക്കോടതിയോട് ചോദിച്ചു. പോലീസിന്റെ ലാത്തി ചാർജ് ആണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും ടിവികെ കോടതിയിൽ പറഞ്ഞു.