ഞങ്ങൾ ഡൽഹിയിൽ സർക്കാരുണ്ടാക്കിയാലും അതിശയിക്കേണ്ടതില്ലെന്ന് ശിവസേന; ത്രികക്ഷി സഖ്യം എൻ ഡി എക്ക് തലവേദനയാകുമോ

മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യമായ മഹാ വികാസ് ആഘാഡി മുന്നണി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഞങ്ങൾ മഹാരാഷ്ട്രയിൽ അധികാരത്തിൽ
 

മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യമായ മഹാ വികാസ് ആഘാഡി മുന്നണി സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഞങ്ങൾ മഹാരാഷ്ട്രയിൽ അധികാരത്തിൽ വരുമെന്ന് പറഞ്ഞപ്പോൾ ആളുകൾ പരിഹസിച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ എത്തിരിക്കുന്നു. ഇനി ഡൽഹിയിൽ സർക്കാരുണ്ടാക്കിയാലും അതിശയിക്കേണ്ടതില്ലെന്നായിരുന്നു റാവത്തിന്റെ പ്രതികരണം

നാളെ സത്യപ്രതിജ്ഞ നടക്കാൻ പോകുകയാണ്. ഈയവസരത്തിൽ ഫഡ്‌നാവിസിന്റെ ആരോപണങ്ങളോട് മറുപടി പറയാനില്ല. മഹാരാഷ്ട്രയിൽ ജനങ്ങളുടെ ആഗ്രഹപ്രകാരം പുതിയ സർക്കാരുണ്ടാകാൻ പോകുന്നു. എല്ലാ കുതന്ത്രങ്ങളും ഉപയോഗിച്ച് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചവർക്ക് ജനം മറുപടി നൽകും. ഇത്തരം കളികൾ മഹാരാഷ്ട്രയിൽ നടക്കില്ല

ചടങ്ങിലേക്ക് നരേന്ദ്രമോദിയെയും അമിത് ഷായെയും ക്ഷണിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരിൽ അജിത് പവാറിന് സ്ഥാനമുണ്ടാകും. വലിയ കാര്യങ്ങൾ ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയെത്തിയത്. അദ്ദേഹത്തിന് വലിയ പദവി തന്നെ നൽകുമെന്നും റാവത്ത് പറഞ്ഞു

അതേസമയം റാവത്തിന്റെ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്. ദേശീയ രാഷ്ട്രീയത്തിൽ പുതിയ സഖ്യം രൂപപ്പെടാനുള്ള സാധ്യതയും ഇതോടെ തെളിയുകയാണ്. മഹാ വികാസ് അഘാഡയിലേക്ക് ചേരാൻ സമാജ് വാദി പാർട്ടികളടക്കമുള്ള പ്രാദേശിക കക്ഷികൾ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എൻ ഡി എയുടെ ശക്തി സംസ്ഥാനങ്ങളിൽ നാൾക്കുനാൾ ക്ഷയിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ വലിയൊരു ബദലായി മാറാൻ സാധിക്കുമെന്ന വിലയിരുത്തലാണ് സഖ്യത്തിനുള്ളത്.