{"vars":{"id": "89527:4990"}}

സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും സംരക്ഷിച്ചയാളാണ് മഹാത്മാ ഗാന്ധിയെന്ന് മോഹൻ ഭാഗവത്
 

 

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധിജിയെ പ്രകീർത്തിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ മഹാത്മജി നൽകിയ സംഭാവനകൾ വലുതാണ്. സമൂഹത്തെ അടിച്ചമർത്തലിൽ നിന്നും അനീതിയിൽ നിന്നും സംരക്ഷിക്കുകയാണ് മഹാത്മ ഗാന്ധി ചെയ്തതെന്നും മോഹൻ ഭാഗവത് പറഞ്ഞു. വിജയദശമി ദിനത്തിൽ ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ സംസാരിക്കവെയാണ് മോഹൻ ഭാഗവതിന്റെ പരാമർശം.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള യാത്രയെ നിർണയിക്കുന്നതിൽ പ്രധാനപ്പെട്ടത് ഗാന്ധിജിയുടെ ആശയങ്ങൾ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിവധത്തെ ചൊല്ലി നിരോധനം നേരിട്ട സംഘടനയായിരുന്നു എന്നതിനാൽ ആർഎസ്എസ് മേധാവിയുടെ വാക്കുകൾക്ക് പ്രാധാന്യമുണ്ട്.

നേപ്പാളിലെ പ്രക്ഷോഭത്തെ കുറച്ചും മോഹൻ ഭഗവത് പരാമർശിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുമ്പോഴാണ് ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഒരു വിപ്ലവവും ഫലം കണ്ടിട്ടില്ല. സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ നടന്ന രാജ്യങ്ങൾ ഇന്ന് മുതലാളിത്ത രാജ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.