ബംഗാളിൽ മമതയ്ക്ക് അടിപതറി; ബിജെപി 200 സീറ്റിലേക്ക്
കേരളത്തിനും തമിഴ്നാടിനും ഒപ്പം രാജ്യം കാത്തിരിക്കുന്ന പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ തുടരുന്നു. ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്‍ട്ര, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവരും.
തൃണമൂൽ കോൺഗ്രസും ബിജെപിയും ഇടതുപക്ഷവും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടന്ന പശ്ചിമബംഗാളിലെ ജനവിധി രാജ്യം ഉറ്റുനോക്കുകയാണ്. ബംഗാളിൽ ആകെ 294 നിയമസഭാ സീറ്റുകളാണുള്ളത്. എന്നാൽ 293 സീറ്റുകളിൽ മാത്രമാണ് വോട്ടെടുപ്പ് നടന്നത് . ഏപ്രിൽ 23 നും 29 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നു.
ബംഗാളിൽ ഈ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ഘട്ടങ്ങളിലും വോട്ടർമാരുടെ എണ്ണം 90 ശതമാനം കവിഞ്ഞു. ഇത് ബംഗാളിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ നിർണായകമാണെന്ന് കണക്കാക്കപ്പെടുന്നു.
അസമിൽ ഹിമന്ത ബിസ്വ ശർമയുടെ നേതൃത്വത്തിൽ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ. 126 മണ്ഡലമാണുള്ളത്. സംസ്ഥാനത്ത് 85 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
30 സീറ്റുള്ള കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ എൻഡിഎയുടെ ഭാഗമായ ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.