വീട്ടുടമയുടെ ഭാര്യയെ കൊന്ന് മാല കവർന്നു; വാടകക്കാരായ ദമ്പതികൾ അറസ്റ്റിൽ
ബംഗളൂരുവിൽ വീട്ടുടമസ്ഥന്റെ ഭാര്യയെ കൊന്ന് താലിമാല കവർന്ന കേസിൽ വാടകക്കാരായ ദമ്പതികൾ അറസ്റ്റിൽ. ബംഗളൂരു ഉത്തരഹള്ളിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ്(26), ഭാര്യ സാക്ഷി(23) എന്നിവരാണ് പിടിയിലായത്. കോട്ടേൺപേട്ടിലെ ഫാക്ടറി ജീവനക്കാരനായ അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മിയെയാണ് ഇവർ കൊലപ്പെടുത്തിയത്.
അശ്വതിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് പ്രതികൾ. അശ്വത് കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. പ്രസാദും സാക്ഷിയും ഉച്ചയ്ക്ക് ശേഷം ശ്രീലക്ഷ്മിയെ കാണാനെത്തിയത് പോലീസ് കണ്ടെത്തി.
തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പ്രതികൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. സാമ്പത്തിക ബാധ്യത തീർക്കാനാണ് കൊലപാതകവും കവർച്ചയും നടത്തിയതെന്ന് പ്രതികൾ മൊഴി നൽകി