ബംഗളൂരുവിൽ ഭാര്യയെ ബസ് സ്റ്റാൻഡിലിട്ട് ഭർത്താവ് കുത്തിക്കൊന്നു; വിവാഹം കഴിഞ്ഞത് മൂന്ന് മാസം മുമ്പ്
ബംഗളൂരുവിൽ ഭാര്യയെ ബസ് സ്റ്റാൻഡിലിട്ട് പട്ടാപ്പകൽ കുത്തിക്കൊന്ന് ഭർത്താവ്. 35കാരനായ ക്യാബ് ഡ്രൈവർ ലോഹിതാശ്വ ആണ് ഭാര്യ രേഖയെ(28) കൊലപ്പെടുത്തിയത്. മൂന്ന് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം.
രേഖയുടെ നെഞ്ചിലും വയറ്റിലുമാണ് കുത്തേറ്റത്. ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രദേശത്തുണ്ടായിരുന്നവർ ലോഹിതാശ്വയെ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
രേഖക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ ദിവസം ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ രേഖ 12കാരിയായ തന്റെ മകൾക്കൊപ്പം ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് ലോഹിതാശ്വ പിന്തുടർന്നെത്തി കൊല നടത്തിയത്.