മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; പ്രതി കീഴടങ്ങി
മംഗലാപുരം ബജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആൾ കീഴടങ്ങി. ആദിത്യറാവു എന്നയാളാണ് ബംഗളൂരു പോലീസിന് മുന്നിൽ കീഴടങ്ങിയത്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല
ബുധനാഴ്ച രാവിലെയാണ് ആദിത്യറാവു പോലീസിന് മുന്നിൽ കീഴടങ്ങിയത്. സ്ഫോടക വസ്തുക്കൾ വിമാനത്താവളത്തിൽ വെച്ച് മടങ്ങുന്നയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. 2018ൽ ബംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ ആളുമായി സിസിടിവിയിൽ പതിഞ്ഞ രൂപത്തിന് സാദൃശ്യമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാൽ കീഴടങ്ങിയ ആദിത്യറാവു തന്നെയാണോ ഇയാളെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല
തിങ്കളാഴ്ചയാണ് സ്ഫോടക വസ്തുക്കൾ ലാപ്ടോപ് ബാഗിലാക്കി ഇയാൾ വിമാനത്താവളത്തിൽ ഉപേക്ഷിച്ചത്. സിഐഎസ്എഫ് പരിശോധനയിലാണ് ബാഗിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.