ബിഹാറിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ വൻ തീപിടിത്തം; 10 രോഗികൾ മരിച്ചു
പട്ന: ബിഹാറിലെ മുസാഫർപൂരിലുള്ള സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3:30ഓടെ ബ്രഹ്മപുരയിലുള്ള 'പ്രസാദ് ഹോസ്പിറ്റലിന്റെ' അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് (ICU) ദുരന്തമുണ്ടായത്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. തീപിടിത്തം ഉണ്ടാകുമ്പോൾ പന്ത്രണ്ടിലധികം രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ വലിയ ശബ്ദത്തോടെ ഐസിയുവിലെ വെന്റിലേറ്റർ ഉപകരണങ്ങൾക്ക് തീപിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിമിഷങ്ങൾക്കകം വാർഡിലാകെ കനത്ത പുക പടർന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. വിവരമറിഞ്ഞ് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ആശുപത്രിയിൽ നിന്ന് ഇരുപതോളം രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. പരിക്കേറ്റവരെയും നില ഗുരുതരമായ മറ്റ് രോഗികളെയും സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.