{"vars":{"id": "89527:4990"}}

മേഘാലയ ഖനി ദുരന്തം; മരണസംഖ്യ 27 ആയി: 12 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

 

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലുണ്ടായ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. ഇന്നലെ വൈകിട്ട് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ വർധിച്ചത്. മയൻസങ്ത്-താങ്സ്കോ മേഖലയിലെ ഖനിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സ്ഫോടനമുണ്ടായത്. പ്രദേശത്ത് എൻ.ഡി.ആർ.എഫ് ഉൾപ്പെടെയുള്ള സംഘങ്ങൾ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഖനിയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിലവിൽ കണ്ടെടുത്തവരിൽ 12 മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ മരിച്ച ഓരോ തൊഴിലാളിയുടെയും കുടുംബത്തിന് 3 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.