ഗഡ്കരിയെ ലക്ഷ്യമിട്ടുള്ള വ്യാജ 'ഡീപ്ഫേക്ക്' വീഡിയോകൾ നീക്കം ചെയ്യാൻ മുംബൈ ഹൈക്കോടതി ഉത്തരവ്; ഇത്തരം ഉള്ളടക്കങ്ങൾക്ക് പൊതുവേദിയിൽ സ്ഥാനമില്ല
മുംബൈ: കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് നിർമ്മിച്ച അപകീർത്തികരമായ ഡീപ്ഫേക്ക് വീഡിയോകളും എഐ (AI) ചിത്രങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു.
കേന്ദ്ര സർക്കാരിന്റെ ഇ20 (E20) എഥനോൾ നയവുമായി ബന്ധപ്പെടുത്തി ഗഡ്കരിയും കുടുംബവും സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെയായിരുന്നു മന്ത്രി കോടതിയെ സമീപിച്ചത്. മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), എക്സ് (ട്വിറ്റർ), ഗൂഗിൾ/യൂട്യൂബ് തുടങ്ങിയ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കാണ് ജസ്റ്റിസ് ആരിഫ് ഡോക്ടറുടെ ബെഞ്ച് നിർദേശം നൽകിയത്.
ഹർജി പരിഗണിച്ച കോടതി, ഗഡ്കരിക്കെതിരെ പ്രചരിച്ച ഉള്ളടക്കങ്ങൾ "തികച്ചും നികൃഷ്ടവും അസഭ്യവുമാണ്" എന്ന് നിരീക്ഷിച്ചു. ചെറുപ്പക്കാരടക്കം ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പൊതു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം വ്യാജ സന്ദേശങ്ങൾക്കും വീഡിയോകൾക്കും യാതൊരു സ്ഥാനവുമില്ലെന്നും കോടതി വ്യക്തമാക്കി.
വ്യാജ പ്രചാരണങ്ങളിലൂടെ തന്റെ വ്യക്തിത്വത്തിനും പ്രതിച്ഛായയ്ക്കും കോട്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി 11 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിതിൻ ഗഡ്കരി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്. ഭാവിയിലും ഇത്തരം ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് നേരിട്ട് പരാതി നൽകാനും, കമ്പനികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.