ഇന്ത്യയിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നു എന്നത് വ്യാജ പ്രചാരണം മാത്രം: നിർമല സീതാരാമൻ
 

 

ഇന്ത്യയിൽ മുസ്ലീങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നത് വ്യാജ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിൽ മുസ്ലിങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. മുസ്ലിം ജനസംഖ്യ വർധിക്കുകയാണ്. വേട്ടയാടപ്പെടുന്ന വിഭാഗത്തിന്റെ ജനസംഖ്യ വർധിക്കുമോയെന്നും നിർമല സീതാരാമൻ ചോദിച്ചു

അമേരിക്കയിലെ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്‌സിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപകരിൽ അതിനുള്ള ഉത്തരമുണ്ടെന്ന് താൻ കരുതുന്നു. നിക്ഷേപങ്ങൾ സ്വീകരിക്കാൻ താത്പര്യമുള്ള ഒരാളെന്ന നിലയിൽ, ഇന്ത്യ കാണാത്തവർ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ഉണ്ടാക്കുന്ന ധാരണകൾക്ക് പകരം, ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ എന്നും നിർമല പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ ജീവിതം ദുഷ്‌കരമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെയെങ്കിൽ 1947ൽ ഉള്ളതിനേക്കാൾ മുസ്ലീങ്ങളുടെ എണ്ണം വർധിക്കുമോ. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളാകുകയാണ്. അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞു വരികയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.