നരേന്ദർ സറണ്ടർ: ലോക്‌സഭയിൽ ഇന്നും ശക്തമായ പ്രതിപക്ഷ പ്രതിഷേധം, സഭ പിരിഞ്ഞു
രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്‌സഭ ഇന്നും സ്തംഭിച്ചു. ബജറ്റ് ചർച്ചയുമായും സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ജനറൽ എംഎം നരവനെയുടെ പുസ്തകത്തിന്റെ കവർ ഉൾപ്പെടുത്തിയ പോസ്റ്ററുകളുമായാണ് പ്രതിപക്ഷം ലോക്‌സഭയിലെത്തിയത്. ഇതിനിടെ നെഹ്‌റു കുടുംബാംഗങ്ങൾക്കെതിരെയുള്ള പുസ്തകങ്ങളുടെ പ്രത്യേക ഗ്രന്ഥശാല ആരംഭിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു
നരേന്ദർ സറണ്ടർ എന്ന മുദ്രവാക്യമുയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഉചിതമായത് ചെയ്യുമെന്ന് രാജ്‌നാഥ് സിംഗ് ജനറൽ നരവനെയോട് പറഞ്ഞതായി ആരോപിക്കുന്ന വാചകവും പ്രതിപക്ഷം മുദ്രവാക്യമായി ഉയർത്തി. പ്രതിപക്ഷ പ്രതിഷേധം കാരണം 19 മണിക്കൂറാണ് സഭാ നടപടികൾ തടസപ്പെട്ടതെന്ന് ലോക്‌സഭീ സ്പീക്കർ ഓം ബിർള പറഞ്ഞു
ഒരു തവണ നിർത്തിവെച്ച ശേഷം സഭ വീണ്ടും 12 മണിക്ക് സമ്മേളിച്ചു. ബഹളം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി ലോക്‌സഭയിൽ ഉത്തരം പറയാൻ ഭയക്കുന്നത് എന്തിനാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു