ഇതാ എന്റെ യാത്ര ആരംഭിച്ചിട്ടെയുള്ളു; ഗാന്ധി കുടുംബത്തിന് നന്ദി അറിയിച്ച് സിദ്ദു

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ ഗാന്ധി കുടുംബത്തിന് നന്ദി അറിയിച്ചും മുഖ്യമന്ത്രി അമരിന്ദർ സിംഗിനെ പരോക്ഷമായി പരിഹസിച്ചും നവജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
 

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ ഗാന്ധി കുടുംബത്തിന് നന്ദി അറിയിച്ചും മുഖ്യമന്ത്രി അമരിന്ദർ സിംഗിനെ പരോക്ഷമായി പരിഹസിച്ചും നവജ്യോത് സിങ് സിദ്ദു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം. തന്നിൽ വിശ്വാസം അർപ്പിച്ചതിനും പരമപ്രധാന പദവി നൽകിയതിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിദ്ദു നന്ദി അറിയിച്ചു.

കുറച്ചുപേർക്കു മാത്രമല്ല, മുഴുവനാളുകൾക്കും അഭിവൃദ്ധിയും വിശേഷാധികാരവും സ്വാതന്ത്ര്യവും പങ്കിടാൻ കോൺഗ്രസുകാരനായ എന്റെ പിതാവ് രാജകുടുംബം വിട്ട് സ്വാതന്ത്ര്യ സമരത്തിൽ ചേർന്നു. ദേശസ്നേഹ പ്രവർത്തനത്തിന് അദ്ദേഹത്തിന് വധശിക്ഷ വിധിക്കപ്പെട്ടു. എന്നാൽ രാജാവിന്റെ കാരുണ്യത്തിൽ ശിക്ഷ റദ്ദാക്കപ്പെടുകയും അദ്ദേഹം പിന്നീട് ഡിസിസി അധ്യക്ഷനും എംഎൽഎയും എംഎൽസിയും അഡ്വക്കേറ്റ് ജനറലും ആയി സിദ്ദു ട്വീറ്റിൽ പറയുന്നു.

പാട്യാല നാട്ടുരാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നു അമരിന്ദർ സിംഗിന്റെ പിതാവ്. ഇതിനെ പരോക്ഷമായി സൂചിപ്പിച്ചാണ് തന്റെ പിതാവിനെ കുറിച്ച് സിദ്ദുവിന്റെ ട്വീറ്റ്.

പഞ്ചാബ് മോഡലിലൂടെയും ഹൈക്കമാൻഡിന്റെ 18 പോയന്റ് അജണ്ടയിലൂടെയും ജനങ്ങൾക്ക് അവരുടെ അധികാരം തിരികെ നൽകാൻ, വിനീതനായ കോൺഗ്രസ് പ്രവർത്തകനായി പഞ്ചാബ് വിജയിക്കും എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് പഞ്ചാബിലെ കോൺഗ്രസ് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒപ്പം പ്രവർത്തിക്കും. എന്റെ യാത്ര ഇതാ തുടങ്ങിയിട്ടേയുള്ളൂ സിദ്ദു ട്വീറ്റിൽ പറയുന്നു.