എൻസിഇആർടി പുസ്തക വിവാദം: തലകൾ ഉരുളുമെന്ന് സുപ്രീം കോടതി, മാപ്പ് പറഞ്ഞ് കേന്ദ്രസർക്കാർ
എൻസിഇആർടി പുസ്തക വിവാദത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. ജുഡിഷ്യറിയുടെ അഴിമതി എന്ന പാഠഭാഗം നിരോധിച്ച കോടതി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക് അടക്കം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജുഡീഷ്യറിയുടെ അന്തസ് താഴ്ത്തിക്കെട്ടാൻ വലിയ ഗൂഢാലോചനയുണ്ടെന്നും ഉത്തരവാദികളുടെ തലകൾ ഉരുളുമെന്നും കോടതി മുന്നറിയിപ്പ് പറഞ്ഞു
സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞു. സംഭവത്തിൽ നിരുപാധികം മാപ്പ് പറയുന്നതായി കേന്ദ്രം അറിയിച്ചു. എന്നാൽ ഗുരുതര ഗൂഢാലോചന നടന്നോയെന്ന് സംശയിക്കുന്നതായി ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. വിവാദമായ പാഠഭാഗം തയ്യാറാക്കിയ രണ്ട് പേരെ ഇനി ഒരു ഉത്തരവാദിത്തവും ഏൽപ്പിക്കില്ലെന്ന് കേന്ദ്രം മറുപടി നൽകി
കേസുകൾ കെട്ടിക്കിടക്കുന്നതിനെ കുറിച്ച് പറയുന്നു. എന്നാൽ എത്ര കേസുകൾ വേഗത്തിൽ തീർക്കുന്നു. അതൊന്നും പറയാതെയാണ് പാഠഭാഗം തയ്യാറാക്കിയത്. ജുഡീഷ്യറിക്ക് നേരെ വെടിയുതിർക്കുകയും ജുഡീഷ്യറിയുടെ രക്തം ഒഴുക്കുകയുമാണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പ്രിന്റ് കോപ്പികൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.