{"vars":{"id": "89527:4990"}}

ആഘോഷമാരംഭിച്ച് എൻഡിഎ ക്യാമ്പ്; വിതരണം ചെയ്യാൻ 500 കിലോ ലഡു, 5 ലക്ഷം രസഗുള
 

 

ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അധികാരമുറപ്പിച്ച എൻഡിഎ ആഘോഷപരിപാടികൾ ആരംഭിച്ചു. പട്‌നയിൽ വിജയപ്രഖ്യാപനത്തിന് ശേഷം വിതരണം ചെയ്യാനുള്ള മധുര പലഹാരങ്ങളടക്കം തയ്യാറാക്കി കഴിഞ്ഞു. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിംഗ് കല്ലു 500 കിലോഗ്രാം ലഡുവിനാണ് ഓർഡർ ചെയ്തിരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും വലിയ ചിത്രങ്ങൾ മുന്നിൽവെച്ച് വൻ കുക്കിംഗ് പാനിലാണ് ലഡു തയ്യാറാക്കുന്നത്. പ്രമേഹ രോഗികൾക്ക് അനുയോജ്യമാക്കാൻ പഞ്ചസാര കുറച്ചാണ് ലഡു തയ്യാറാക്കുന്നതെന്ന് പാചകക്കാർ പറഞ്ഞു

ബിജെപി നേതാവ് അനന്ത് സിംഗിന്റെ കുടുംബാംഗങ്ങൾ പട്‌നയിൽ 50,000 പേർക്ക് വലിയ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രസഗുളകളും ഗുലാബ് ജാമുകളും തയ്യാറാക്കുന്നുണ്ട്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സത്തു പറാത്തയും ജിലേബിയും തയ്യാറാക്കുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ