ഡബിൾ സെഞ്ച്വറിയടിച്ച് എൻഡിഎ, മഹാദുരന്തമായി മഹാസഖ്യം: ബിഹാറിൽ ചിരാഗിനും വൻ നേട്ടം
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ഭരണത്തുടർച്ച ഉറപ്പിച്ചു. വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക് എത്തുമ്പോൾ 202 സീറ്റുകളിൽ എൻഡിഎ വിജയമുറപ്പിച്ച് കഴിഞ്ഞു. എക്‌സിറ്റ് പോൾ പ്രവചനങ്ങളെല്ലാം എൻഡിഎക്ക് അനുകൂലമായാണ് പറഞ്ഞതെങ്കിലും ഇത്രയും വലിയ വിജയം മുന്നണി നേതൃത്വം പോലും പ്രതീക്ഷിച്ചിരുന്നില്ല
എൻഡിഎ വൻ വിജയം സ്വന്തമാക്കുമ്പോൾ മഹാ ദുരന്തമായി മാറുകയായിരുന്നു മറുവശത്ത് മഹാസഖ്യം. ഭരണം പിടിക്കാനിറങ്ങിയ ആർജെഡി-കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങി. ഇതിൽ കോൺഗ്രസിന്റെ അവസ്ഥയാണ് ഏറ്റവും ദയനീയം. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് വെറും 5 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്.
ആർജെഡി 27 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. എൻഡിഎ സഖ്യത്തിൽ ബിജെപിക്കാണ് കൂടുതൽ നേട്ടം. 91 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായും ബിജെപി മാറി. ജെഡിയു 83 സീറ്റിലും ചിരാഗ് പാസ്വാന്റെ എൽജെപി 19 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.
2014ൽ രാഷ്ട്രീയത്തിലിറങ്ങിയ ചിരാഗ് പാസ്വാൻ ബിഹാറിലെ രാഷ്ട്രീയമേഖലയിൽ കാലുറപ്പിക്കുന്നതും ഈ തെരഞ്ഞെടുപ്പിൽ കണ്ടു. മത്സരിച്ച 29 സീറ്റിൽ 19 എണ്ണത്തിലും എൽജെപി മുന്നിട്ട് നിൽക്കുകയാണ്. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം ലഭിച്ചിടത്ത് നിന്നാണ് ഈ തിരിച്ചുവരവ്. ചിരാഗ് ബിഹാറിൽ ഉപമുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.