{"vars":{"id": "89527:4990"}}

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ

 

ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ഫിസിക്സ് ചോദ‍്യ പേപ്പർ‌ ചോർ‌ത്തിയതുമായി ബന്ധപ്പെട്ട് പുനെയിലെ സേത്ത് ഹീരലാൽ‌ സറഫ് പ്രശാലയിലെ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവിൽദാറാണ് അറസ്റ്റിലായത്.

നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ പ്രകിയയുടെ ഭാഗമായി നിയമിച്ചിരുന്ന മനിഷ ഫനിസിക്സ് ചോദ‍്യ പേപ്പർ മറ്റൊരു വ‍്യക്തിക്ക് ചോർത്തി നൽകാൻ കേന്ദ്ര ബിന്ദുവായി പ്രവർ‌ത്തിച്ചെന്നാണ് വിവരം. ഇതുവരെ രാജ‍്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

പരീക്ഷാ അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ച അന്തർസംസ്ഥാന റാക്കറ്റിലെ പ്രധാന കണ്ണികളാണ് ഇപ്പോൾ പിടിയിലായിക്കൊണ്ടിരിക്കുന്നത്. ചോദ്യപേപ്പർ ചോർത്തുന്നതിനും അത് പ്രത്യേക കോച്ചിംഗ് സെന്ററുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും ലക്ഷങ്ങൾ വാങ്ങി വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുന്നതിനും പിന്നിൽ വലിയൊരു സംഘം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ഇതിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിദഗ്ദ്ധർക്കും പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

​കഴിഞ്ഞ ദിവസങ്ങളിൽ മഹാരാഷ്ട്രയിലെ പുണെ, ലാത്തൂർ, രാജസ്ഥാനിലെ ജയ്പൂർ തുടങ്ങിയ വിവിധ നഗരങ്ങളിൽ സി.ബി.ഐ വ്യാപകമായ പരിശോധനകൾ നടത്തിയിരുന്നു. പ്രതികളിൽ നിന്ന് ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ തെളിവുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ ചോർച്ചയുടെ പ്രധാന ഉറവിടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.