ബിജെപി ദേശീയ പ്രസിഡന്റായി നിതിൻ നബിൻ ചുമതലയേറ്റു; അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ബിജെപിയുടെ ദേശീയ അധ്യക്ഷനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 45കാരനായ നിതിൻ. കേന്ദ്രമന്ത്രി ജെപി നഡ്ഡക്ക് പകരക്കാരനായാണ് നിതിന്റെ നിയമനം. കഴിഞ്ഞ മാസം നിതിനെ ബിജെപിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചിരുന്നു
പിന്നാലെയാണ് ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്ന് വർഷമാണ് കാലാവധി. ഈ വർഷവും അടുത്ത വർഷവും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് നിതിൻ നബിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. ഈ വർഷം കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിഹാർ സ്വദേശിയാണ് നിതിൻ നബിൻ. ബിഹാർ മന്ത്രിസഭയിൽ അംഗമായിരിക്കെയാണ് ബിജെപിയെ നയിക്കാനുള്ള ചുമതല എത്തുന്നത്. യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറി, യുവമോർച്ച ബിഹാർ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.