{"vars":{"id": "89527:4990"}}

പാർട്ടി ഫണ്ട് ഇനി വേണ്ട; വരുമാനം കൃത്യമായി ഖജനാവിലേക്ക്: ടാസ്മാക്കിൽ വൻ അഴിച്ചുപണിയുമായി മുഖ്യമന്ത്രി വിജയ്

 

ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ (ടാസ്മാക്) മദ്യവില്പനശാലകളിലെ വൻ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടികളുമായി വിജയ്.

അനധികൃത പണപ്പിരിവ്, പാർട്ടി ഫണ്ട് എന്നീ പേരുകളിൽ നടക്കുന്ന ഇടപാടുകൾ പൂർണ്ണമായും തുടച്ചുനീക്കാൻ ഉദ്യോഗസ്ഥർക്ക് വിജയ് കർശന നിർദേശം നൽകി. മദ്യവില്പനയിലൂടെ ലഭിക്കുന്ന ഓരോ രൂപയും പൂർണ്ണമായി സംസ്ഥാന ഖജനാവിലേക്ക് തന്നെ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.

ടാസ്മാക് പ്രവർത്തനങ്ങളിൽ 'പാർട്ടി ഫണ്ട്' എന്ന പേരിൽ ഓരോ മാസവും ഏകദേശം 102 കോടി രൂപയോളം അനധികൃതമായി വകമാറ്റി മാറ്റപ്പെടുന്നുണ്ടെന്ന് മുതിർന്ന സർക്കാർ വൃത്തങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം 1,600 കോടി രൂപയോളം ഇത്തരത്തിൽ സംസ്ഥാന ഖജനാവിന് നഷ്ടമായിട്ടുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ഇതോടെയാണ് സംസ്ഥാനത്തുടനീളമുള്ള 4,048 രജിസ്റ്റർ ചെയ്ത ടാസ്മാക് ഔട്ട്‌ലെറ്റുകളിലും ഹോൾസെയിൽ-റീട്ടെയിൽ ശൃംഖലകളിലും വർഷങ്ങളായി നിലനിൽക്കുന്ന അനധികൃത പണപ്പിരിവ് സംവിധാനങ്ങൾ അടിയന്തരമായി നിർത്തലാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. ഇതോടെ ഡിഎംകെക്കെതിരെ വലിയ രീതിയിലുള്ള അന്വേഷണങ്ങൾക്കും ഇത് വഴിവെച്ചേക്കും.

തമിഴ്‌നാട്ടിലെ പുതിയ എക്സൈസ് വകുപ്പ് മന്ത്രിയായ 37കാരൻ കെ. വിഘ്നേഷിനാണ് ഈ പരിഷ്‌കാരങ്ങളുടെ മേൽനോട്ട ചുമതല. മദ്യ നിർമ്മാണ ശാലകൾക്കും എക്സൈസ് ഉദ്യോഗസ്ഥർക്കും സർക്കാർ തങ്ങളുടെ കർശന നിലപാട് ഇതിനകം കൈമാറിയിട്ടുണ്ട്. മദ്യ സംഭരണം, വെയർഹൗസ് വിതരണം, റീട്ടെയിൽ വിൽപ്പന, തുടങ്ങി ടാസ്മാക്കിന്റെ എല്ലാ തലങ്ങളിലും വൻ അഡ്മിനിസ്ട്രേറ്റീവ് അഴിച്ചുപണിക്കാണ് വിജയ് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നത്.