വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകളുമായി ഇനി ട്രെയിൻ യാത്ര വേണ്ട; കടുത്ത നടപടിയുമായി റെയിൽവേ: നിയമം ലംഘിച്ചാൽ പിഴ
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്കായി ഡിജിറ്റൽ ടിക്കറ്റ് പരിശോധന കടുപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഇനിമുതൽ 'റെയിൽ വൺ' (RailOne) ആപ്പ് വഴി ബുക്ക് ചെയ്യുന്ന ജനറൽ (അൺറിസർവ്ഡ്) ടിക്കറ്റുകളുടെ വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകളോ, ഫോട്ടോകളോ, പി.ഡി.എഫ് കോപ്പികളോ കാണിച്ച് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നവരിൽ നിന്ന് ടിക്കറ്റില്ലാത്ത യാത്രക്കാരായി കണക്കാക്കി കനത്ത പിഴ ഈടാക്കും.
ഒരു യാത്രക്കാരി വാട്സ്ആപ്പ് സ്ക്രീൻഷോട്ട് കാണിച്ച് യാത്ര ചെയ്തതിനെത്തുടർന്ന് ടി.ടി.ഇ പിഴ ഈടാക്കിയ സംഭവത്തിന് പിന്നാലെയാണ് റെയിൽവേ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി രംഗത്തെത്തിയത്.
പുതിയ നിയമങ്ങൾ ഇവയാണ്:
ഒറിജിനൽ ആപ്പ് നിർബന്ധം: ടിക്കറ്റ് ഏത് മൊബൈൽ ഫോണിൽ നിന്നാണോ ബുക്ക് ചെയ്തത്, ആ ഫോണിലെ ഔദ്യോഗിക 'റെയിൽ വൺ' ആപ്പിൽ തന്നെ ഒറിജിനൽ ടിക്കറ്റ് കാണിക്കേണ്ടതുണ്ട്.
സ്ക്രീൻഷോട്ടുകൾക്ക് വിലക്ക്: വാട്സ്ആപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയ വഴിയോ കൈമാറുന്ന ടിക്കറ്റിന്റെ സ്ക്രീൻഷോട്ടുകൾ ഒറിജിനൽ ആണോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ ടി.ടി.ഇമാർക്ക് ബുദ്ധിമുട്ടാണ്. വ്യാജ ടിക്കറ്റുകൾ തടയുന്നതിനാണ് ഈ കർശന നടപടി.
യാത്രയ്ക്ക് മുൻപ് ബുക്ക് ചെയ്യണം: ട്രെയിൻ പുറപ്പെടുന്നതിന് മുൻപായി മാത്രമേ ഡിജിറ്റൽ ജനറൽ ടിക്കറ്റുകൾ എടുക്കാൻ സാധിക്കൂ. ട്രെയിൻ പുറപ്പെട്ട ശേഷം എടുക്കുന്ന ടിക്കറ്റുകൾ സാധുവായിരിക്കില്ല.
തിരിച്ചറിയൽ രേഖകൾ: ഡിജിറ്റൽ ടിക്കറ്റുകൾക്കൊപ്പം യാത്രക്കാരുടെ ഒറിജിനൽ ഫോട്ടോ ഐഡന്റിറ്റി കാർഡും കൈവശം കരുതേണ്ടത് നിർബന്ധമാണ്.
മറ്റൊരാൾ ബുക്ക് ചെയ്ത് നൽകിയ വാട്സ്ആപ്പ് സ്ക്രീൻഷോട്ടുമായി യാത്ര ചെയ്യുന്നത് റെയിൽവേ നിയമപ്രകാരം കുറ്റകരമാണ്. അതിനാൽ യാത്രക്കാർ സ്വന്തം മൊബൈൽ ഫോണിൽ തന്നെ ആപ്പ് വഴി ടിക്കറ്റുകൾ ഉറപ്പാക്കണമെന്ന് റെയിൽവേ ഓർമ്മിപ്പിക്കുന്നു.