{"vars":{"id": "89527:4990"}}

ഒന്നിനും ഇന്ത്യയെ തളര്‍ത്താനാകില്ല; വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുതെന്ന് ഷാരൂഖ് ഖാന്‍

 

അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളിലും ഡല്‍ഹി സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ഷാരൂഖ് ഖാന്‍. വീരമ്യത്യു വരിച്ച ജവാന്മാരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുംബൈയില്‍ വെച്ച് നടന്ന ഗ്ലോബല്‍ പീസ് ഓണേഴ്സ് 2025 ചടങ്ങിനെ അഭിസംബോധന ചെയ്താണ് ഷാരൂഖ് ഖാന്‍ സംസാരിച്ചത്.

”26/11 ഭീകരാക്രമണം, പഹല്‍ഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡല്‍ഹി സ്‌ഫോടനങ്ങള്‍ എന്നിവയില്‍ ജീവന്‍ നഷ്ടപ്പെട്ട നിരപരാധികള്‍ക്ക് ആദരാഞ്ജലികള്‍. ഈ ആക്രമണങ്ങളില്‍ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നു.”

രാജ്യത്തെ ധീരരായ സൈനികര്‍ക്കും ജവാന്മാര്‍ക്കുമായി ഈ മനോഹരമായ വരികള്‍ ചൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാല്‍, ഞാന്‍ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന് അഭിമാനത്തോടെ പറയുക. എത്രമാത്രം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാല്‍, 140 കോടി ജനങ്ങളുടെ അനുഗ്രഹം നേടുന്നുവെന്ന് പുഞ്ചിരിയോടെ പറയുക.” ”ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് തങ്ങളെ ആക്രമിക്കുന്നവര്‍ക്കാണ് ഭയം തോന്നാറുള്ളതെന്ന് പറയുക. നമുക്ക് ഒന്നിച്ച് സമാധാനത്തിനായി ചുവടുകള്‍ വയ്ക്കാം. രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടിയുള്ള നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്. അതിന് വേണ്ടി ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിന്റെ പാതയിലൂടെ നടക്കാം.

നമുക്കിടയില്‍ സമാധാനമുണ്ടെങ്കില്‍ ഒന്നിനും ഇന്ത്യയെ ഇളക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ല എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. ഷാരൂഖ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരത്തിന് കൈയ്യടിച്ചു കൊണ്ടാണ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.